ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Bryan Singer |
പരിഭാഷ | വസീം സി എസ് |
ജോണർ | ത്രില്ലർ, വാർ |
ഹിറ്റ്ലറെ കൊല്ലാനിറങ്ങിയ ഒരുകൂട്ടം ജർമൻ ഓഫീസർമാർ... വെറുമൊരു കഥയല്ല ചരിത്രമാണ്... ഹിറ്റ്ലർക്കെതിരെ നാൽപതോളം വധശ്രമങ്ങൾ നടന്നിട്ടുണ്ട്... അതിൽതന്നെ ഏറ്റവും പ്രസിദ്ധമായതാണ് 1944 ജൂലൈ 20ലെ ഓപ്പറേഷൻ വാൽകൈരി... ആ ശ്രമം വിജയിച്ചിരുന്നെങ്കിൽ നമ്മൾ ഇന്നറിയുന്ന ചരിത്രം ഒരുപക്ഷെ മറ്റൊന്നായേനെ... അനേകായിരം ജീവനുകളും രക്ഷിക്കാൻ കഴിയുമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയത്തെ മുന്നിൽക്കണ്ടു നിൽക്കുകയായിരുന്നു... കീഴടങ്ങാതെ രക്തച്ചൊരിച്ചിൽ തുടരാനുള്ള ഹിറ്റ്ലറുടെ കടുംപിടുത്തതിനെതിരെ മുറുമുറുപ്പുകൾ ഉയരാൻ തുടങ്ങി... ഹിറ്റ്ലറുടെ രീതികളോട് പണ്ടേ എതിർപ്പുള്ള കുറച്ചു ഉന്നത ആർമി ഓഫീസർമാർ രഹസ്യമായി സംഘടിച്ചു അദ്ദേഹത്തെ വകവരുത്താൻ പ്ലാനിട്ടു... ജനറൽ വോൺ ട്രെസ്ക്കോ , കേണൽ ക്ലോസ് വോൺ സ്റ്റാഫൻബെർഗ് എന്നിവരായിരുന്നു ഇതിൽ പ്രധാനികൾ... വിമാനത്തിൽ ബോംബ് വെച്ച് കൊല്ലാനുള്ള ശ്രമം പാളിപ്പോയശേഷം ഹിറ്റ്ലറുടെ നേതൃത്വത്തിൽ രഹസ്യയോഗങ്ങൾ നടക്കാറുള്ള വുൾഫ്‌സ് ലയർ എന്ന കേന്ദ്രത്തിൽ ബോംബ് വെക്കാൻ അവർ തീരുമാനിച്ചു... ഹിറ്റ്ലർ മരിച്ചശേഷം റിസർവ് ആർമിയുടെ നേതൃത്വം ഏറ്റെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പ്രമുഖ നാസി നേതാക്കളെ തടവിലാക്കാനുമായിരുന്നു സ്റ്റോഫൻബർഗിൻറെ മാസ്റ്റർപ്ലാൻ... അതിനുശേഷം സഖ്യശക്തികളുമായി യുദ്ധം അവസാനിപ്പിക്കാൻ കരാറുണ്ടാക്കാമെന്ന് സംഘം കണക്കുകൂട്ടി... എന്നാൽ വളരെ ചെറിയ ചില വ്യതിയാനങ്ങൾ അവരുടെ പ്ലാനിനെ മൊത്തം തകിടംമറിച്ചു.
ബോംബ് വെക്കാൻ പോകുന്ന സീനൊക്കെ ശരിക്കും ടെൻഷനടിച്ചു കണ്ടുപോകും,അത്രത്തോളം മികച്ചതാണ്... ചിത്രത്തിലെ കഥ മുതൽ വസ്ത്രാലങ്കാരം വരെ എല്ലാം ചരിത്രത്തോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്... ജൂലൈ 20 സംഭവത്തേക്കുറിച്ചുള്ള രേഖകൾ ജർമൻ ഗവൺമെൻറ് സിനിമയ്ക്കായി നൽകിയത് രംഗങ്ങൾ കൃത്യമായി പുനസൃഷ്ടിക്കാൻ സഹായകമായെന്നു കേട്ടിട്ടുണ്ട്... സ്റ്റോഫൻബർഗായി ടോം ക്രൂസ് വളരെ കയ്യടക്കമുള്ള പ്രകടനം കാഴ്ചവെച്ചു... യഥാർത്ഥ സ്റ്റോഫൻബർഗിനോടുള്ള രൂപസാദൃശ്യം കാരണമാണ് ക്രൂസ് ഈ വേഷം ഏറ്റെടുത്തതുതന്നെ... സയന്റോളജി ക്ക് എതിരെ കടുത്ത നിലപാടുള്ള ജർമ്മനിയിൽ അതിൽ വിശ്വസിക്കുന്ന ടോം ക്രൂസ് ഒരു ജർമൻ വാർ ഹീറോയെ അവതരിപ്പിക്കുന്നത് വിവാദമുണ്ടാക്കി... എന്നാൽ റിലീസിനു ശേഷം സിനിമക്ക് അവിടെ നല്ല അഭിപ്രായം ലഭിച്ചു... മാത്രമല്ല മറവിയിലാണ്ടുപോയ സ്റ്റോഫൻബർഗിൻറെയും കൂട്ടരുടെയും ധീരത വീണ്ടും ഓർമിപ്പിക്കാൻ സഹായിച്ചുവെന്നും വിലയിരുത്തപ്പെട്ടു.