ഭാഷ | സ്പാനിഷ് |
---|---|
സംവിധാനം | J.A. Bayona |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ത്രില്ലർ, അഡ്വഞ്ചർ |
കണ്ടുകൊണ്ടിരിക്കുന്ന രണ്ടര മണിക്കൂർ നമ്മുടെ രക്തം ഒക്കെ കട്ട പിടിക്കുന്ന ഒരവസ്ഥ, കാണുന്ന ഓരോ കാഴ്ച്ചക്കാരേയും അത്ര മാത്രം ഇമോഷണലി വേട്ട ചെയ്യുന്ന സിനിമ, അതാണ്, സ്പാനിഷ് ഭാഷയിൽ 2023 യിൽ ഇറങ്ങിയ സൊസൈറ്റി ഓഫ് ദി സ്‌നോ എന്ന സിനിമ.
52 വർഷങ്ങൾക്ക് മുൻപ് നടന്ന ദാരുണമായൊരു ദുരന്തത്തെക്കുറിച്ചാണ് 'Society Of The Snow' എന്ന സിനിമ പറയുന്നത്. ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിനായി, ഉറുഗ്വായിലെ ഒരു റഗ്ബി ടീമിലെ 19 കളിക്കാരും അവരുടെ റിലേറ്റീവ്സുമായി 45 യാത്രക്കാർ, ഉറുഗ്വേയിൽ നിന്നും ചിലിയിലേക്ക്.. ഉറുഗ്വേ എയർഫോഴ്സിന്റെ വിമാനത്തിൽ യാത്ര തിരിക്കുന്നു. ഈ വിമാനം യാത്രാ ലക്ഷ്യത്തിൽ എത്തുന്നതിനുമുമ്പ് 'ആന്റെസ്' മഞ്ഞു മലനിരകളിൽ തകർന്നു വീഴുന്നു. ഈ ദുരന്തത്തിൽ വിമാനത്തിലെ അഞ്ചു ജീവനക്കാരും ഒൻപത് യാത്രക്കാരും തൽക്ഷണം മരണപ്പെട്ടു. കനത്ത പരിക്കുകളോടെയും അല്ലാതെയും ബാക്കിയായവർക്ക് നേരിടേണ്ടി വന്നത് അതിനേക്കാൾ ദുരിതപൂർണ്ണമായ അവസ്ഥകളായിരുന്നു. കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മഞ്ഞു മലയിൽ, അസ്ഥി തുളച്ചുകയറുന്ന കൊടും തണുപ്പും സഹിച്ച് അവർക്ക് ദിവസങ്ങൾ തള്ളിനീക്കേണ്ടിവന്നു. വിശപ്പും ദാഹവും അവരെ തളർത്തി. കൊടിയ തണുപ്പും ഇടയ്ക്കിടെയുള്ള ഹിമപാതവും അവരുടെ അതിജീവനം അതികഠിനമാക്കി. ഈ ദുരിതങ്ങളുടെ തീവ്രത താങ്ങാനാവാതെ അവരിൽ ഓരോരുത്തരായി മരണത്തിന് കീഴടങ്ങാൻ തുടങ്ങി.
സിനിമ തുടങ്ങി ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, മഞ്ഞു മലയിൽ കുടുങ്ങിപ്പോയ ആ മനുഷ്യരിൽ ഒരാളെന്ന പോലെയാണ് നിങ്ങൾക്കീ സിനിമ കാണാൻ സാധിക്കുക.അത്രയും തീവ്രവും ഹൃദയവുമായ രീതിയിലാണ് ഇതിന്റെ ആവിഷ്കാരം. അതിഭീകരമായൊരു ദുരന്തത്തിൽ അകപ്പെട്ടിട്ടു പോലും ആ മനുഷ്യരുടെ പരസ്പരമുള്ള സ്നേഹവും വിശ്വാസവും സൗഹൃദവും കണ്ട് അത്ഭുതപ്പെട്ടുപോവും. സ്വന്തം ജീവൻ ത്യജിച്ചു കൂടെയുള്ളവരുടെ ജീവരക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ കാഴ്ച പലപ്പോഴും കണ്ണ് നിറയ്ക്കും.
നിരൂപകർ ഏറെ പ്രശംസിച്ച സ്പെയിനിൽ നിന്നുള്ള ഈ സിനിമ, ഒഫീഷ്യൽ എൻട്രി ആയി ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. ഡിസംബറിൽ short list ചെയ്യപ്പെട്ട 15 അന്താരാഷ്ട്ര സിനിമളിൽ ഒന്ന് Society of the Snow ആയതിൽ അത്ഭുതം ഒന്നും ഇല്ല.