ഭാഷ | ഹിന്ദി |
---|---|
സംവിധാനം | David Dhawan |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | റൊമാൻസ്, കോമഡി |
ഡേവിഡ് ധവാൻ സംവിധാനം ചെയ്ത് സൊഹൈൽ ഖാനും പരാഗ് സാംഘ്വിയും ചേർന്ന് നിർമ്മിച്ച 2007-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാൻ്റിക് കോമഡി ചിത്രമാണ് "പാർട്ട്ണർ". 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയായ ഹിച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥ. ഗോവിന്ദ, സൽമാൻ ഖാൻ, ലാറ ദത്ത, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
സിനിമയിലേക്ക് വന്നാൽ ഭാസ്കറും പ്രേമുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഭാസ്‌ക്കർ ഒരു പൊട്ടനാണ്, ഒരു വലിയ കമ്പനിയിലെ ജോലിക്കാരൻ ആയിരുന്നിട്ട് കൂടി കമ്പനിയിലെ ഓണറിനെ വളക്കാൻ ശ്രമിക്കുന്നു. ആത്മാർത്ഥ പ്രണയമായതുകൊണ്ട് തന്നെ അവളെ തനിക്ക് കിട്ടില്ലെന്ന് ആരെല്ലാം പറഞ്ഞിട്ടും അയാൾ വിട്ടുപിടിക്കാൻ തയ്യാറായില്ല. ഒടുവിൽ അവിടെ പ്രേം ഇടപെടേണ്ടി വന്നു. പ്രേം ഒരു ലവ് ഗുരുവാണ്. എന്നുവച്ചാൽ ഒന്നിക്കാത്തവരെ തമ്മിൽ ഒന്നിപ്പിക്കുന്നതാണ് മൂപ്പരുടെ പണി. ഭാസ്കറിന്റെ ജീവിതത്തിലേക്ക് പ്രേമും കൂടി കടന്നു വന്നപ്പോൾ ഉണ്ടാകുന്ന സാഹസികതകളുമായാണ് കഥ പറഞ്ഞു പോകുന്നത്.
2007 ജൂലൈ 20-ന് പാർട്ണർ പുറത്തിറങ്ങി. കോമഡി രംഗങ്ങൾക്കും ഗോവിന്ദയുടെ പ്രകടനത്തിനും പ്രത്യേക അഭിനന്ദനങ്ങൾക്കൊപ്പം വളരെ നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. സിനിമ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു, പാർട്ട്ണർ ലോകമെമ്പാടും ₹100.91 കോടി കളക്ഷൻ നേടി, 2007-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഹിന്ദി ചിത്രമായിരുന്നു. ധവാൻ ചിത്രത്തിൻ്റെ അടുത്ത പാർട്ട് എടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ 2022 വരെയും ഒരു തിരക്കഥയും പൂർത്തിയായിട്ടില്ലെന്നും, സിനിമ പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
ശരിക്കും പറഞ്ഞാൽ ഇതൊരു ഭ്രാന്തൻ പടമാണ്. രണ്ടര മണിക്കൂർ നേരം നമുക്ക് ചിരിച്ചു മറിയാൻ പറ്റിയ ഒരു പടം. റോം - കോം കോമഡി എന്റർടൈനർ താല്പര്യമുള്ളവർക്ക് കൂടുതൽ പരിഗണന. അല്ലാത്തവർക്കും കാണാം കേട്ടോ.