ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | ഏതൻ കോയിൻ, ജോയൽ കോയിൻ |
പരിഭാഷ | ലക്ഷ്മി അശോകൻ |
ജോണർ | ക്രൈം, ഡ്രാമ |
മരിക്കുന്നതിന് മുൻപ് കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്...!
ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ടെക്സാസിലെ വിജനമായ ഒരു പാടത്ത് പാതിവഴിയിൽ രക്തം ചിന്തി പൂർണതയിൽ എത്താതെപോയ ഒരു ഡ്രഗ് ഡീൽ അവശേഷിപ്പിച്ച രണ്ട് മില്യൺ ഡോളർ തുക കൈക്കലാക്കുന്ന ലെവലിൻ മോസ്സ് എന്ന മധ്യവയസ്കനായ നായകന്റെയും നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനായി നിയോഗിക്കപ്പെട്ട ആന്റൺ ഷിഗർ എന്ന ക്രൂരനായ വില്ലന്റെയും ഉദ്ദ്വേഗജനകമായ മൗസ് & ക്യാറ്റ് പ്ളേ എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന സിനിമയെ എക്കാലത്തെയും മികച്ച ഒരു വെസ്റ്റേൺ ക്ലാസിക് ആക്കിമാറ്റുന്നത് ആദ്യകാഴ്ചയിൽ അപ്രധാനം എന്ന് തോന്നിപ്പിച്ചേക്കാവുന്നതും വരികൾക്കിടയിലൂടെയുള്ള വായനയിലും സീനുകൾക്കിടയിലുള്ള കാഴ്ചയിലും നിറഞ്ഞുനിൽക്കുന്ന എഡ് ടോം ബെൽ എന്ന വയസ്സൻ ഷെരിഫ് കഥാപാത്രമാണ്.
നഷ്ടപ്പെടുന്ന നിഷ്കളങ്കത സൃഷ്ടിക്കുന്ന കലാപങ്ങളുടെ ആഴവും ചോരയുടെ രൂക്ഷഗന്ധവും സ്റ്റീവ് ലോപ്പസിലൂടെ പറഞ്ഞ രാജീവ് രവിയൻ ചിന്തകളുടെ വേറിട്ട മറ്റൊരു തലം വിഭാവനം ചെയ്യുന്ന കോർമക് മക്കാർത്തി യുടെ കഥക്ക് Coen സഹോദരൻമാർ നൽകിയ ദൃശ്യാവിഷ്കാരം തുടർകാഴ്ചകളിൽ പ്രേക്ഷകനെ വേട്ടയാടുന്ന സിനിമാനുഭവം തന്നെയാണ്.
ഇരയുടെയും വേട്ടക്കാരന്റെയും ഏറ്റുമുട്ടലിന്‍റെ വേഗത്തിനൊപ്പം ഓടിയെത്താൻ കഴിയാതെപോകുന്ന മൂകസാക്ഷിയായ നിയമത്തിന്റെയും നിയമപാലകന്റെയും കഥയുടെ സൂചനകൾ കയ്യിൽ ഒരു തോക്ക് പോലും ഇല്ലാതെ നിയമപാലനം നടത്തിയ തന്റെ മുത്തച്ഛന്റെ ഭൂതകാലം പറയുന്നതിലൂടെ ബെൽ തുടക്കത്തിൽ തരുന്നുണ്ട്.
അതിവേഗം മാറുന്ന കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തിനൊപ്പം ഓടിയെത്താൻ കഴിയാതെ കാഴ്ചക്കാർ മാത്രമായി നിന്നുപോകുന്ന ഒരു സമൂഹത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാവുന്നിടത്ത് ലക്ഷണമൊത്ത ഒരു ഇമോഷണൽ ത്രില്ലർ കൂടിയാവുന്നുണ്ട് നോ കൺട്രി ഫോർ ഓൾഡ് മെൻ .
ജാവിയർ ബാർടേം ന്റെ പ്രകടനം വാക്കുകൾക്കും അതീതമായി നിലകൊള്ളുന്പോൾ ലോകസിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ആന്റൺ ഷിഗർ എന്ന പേര് നിലനിൽക്കുന്നു.