ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Mike Flanagan |
പരിഭാഷ | നിധീഷ് കുമാർ പി വി |
ജോണർ | ഹൊറർ, ത്രില്ലർ |
2016 ൽ മൈക്ക് ഫ്ലാനഗന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൈക്കോ സർവൈവൽ ത്രില്ലർ ചിത്രം.
വീടിന് വെളിയിൽ ഒരു കൊലയാളി ഉണ്ടെന്ന് വീട്ടിലുള്ള ഒരാൾക്ക് മനസ്സിലായാൽ, എന്തായിരിക്കും അവരുടെ മാനസികാവസ്ഥ? ജീവൻ രക്ഷിക്കാൻ അവർ എന്തൊക്കെ ചെയ്യും? പോരാത്തതിന് അവർ ബധിരയും മൂകയുമാണെങ്കിലോ... എങ്ങനെ ആ കൊലയാളിയെ നേരിടും? അതാണീ സിനിമ പറയുന്നത്.
കാടാൽ ചുറ്റപ്പെട്ട ഒരു വീട്.
തന്റെ പുതിയ പുസ്തകത്തിന്റെ
പൂർത്തികരണത്തിനോട് ബന്ധപെട്ട് ഒറ്റയ്ക്ക് കഴിയുന്ന എഴുത്തുകാരി മാഡി. അവൾ ബധിരയും, ഊമയുമാണ്. അവളുടെ പതിമൂന്നാം വയസ്സിൽ ഒരു രോഗത്തെ തുടർന്നാണ് അവൾക്ക് ഈ അസുഖമുണ്ടായത്. ആ വീട്ടിൽ അവളും അവളുടെ പൂച്ചയും മാത്രം. അവളുടെ സുഹൃത്ത് സാറാ ഒരു വൈകുന്നേരം അവളുടെ പുസ്തകത്തിന്റെ ഒരു പകർപ്പ് തിരികെ നൽകാനായി
അവിടേയ്ക്ക് വന്നു. അന്നു രാത്രി, മുഖമൂടി ധരിച്ച ഒരു സൈക്കോ കില്ലർ സാറയെ ആക്രമിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഒരു സൈക്കോ കില്ലർ ആയതുകൊണ്ട് തന്നെ കൊലയാളി അല്പം ഷോ ഒക്കെ കാണിച്ചു നിന്നു. ഗ്ലാസ് പൊട്ടിച്ചു അകത്തൊന്നും കയറാൻ ശ്രമിക്കാതെ കതക് തുറന്നാലേ ഞാൻ അകത്തു വരു, എന്നിട്ടേ കൊല്ലു എന്ന് പറഞ്ഞു നിക്കുന്ന ഒരുത്തൻ. പ്രത്യേകിച്ച് ലക്ഷ്യം ഒന്നുമില്ലാതെ ആൾക്കാരെ കൊന്ന് കൊള്ളയടിക്കുന്ന ഒരുത്തൻ. ഒന്നാമത് നായിക ബധിരയും മൂകയുമാണ്. ആദ്യമേ വേണേൽ കൊലയാളിക്ക് വാതിൽ പൊളിച്ചു അകത്തു കയറാമായിരുന്നു. പക്ഷെ ചെയ്യില്ല. അതിൽ ഒരു ത്രില്ല് ഇല്ലന്നെ. അങ്ങനെ കേറിയാൽ കഥ അവിടം കൊണ്ട് തീരില്ലേ.നായികയേക്കാൾ ശക്തനുമാണ് അവൻ, അവന്റെ പക്കൽ ബൗ ആരോയും ഉണ്ട്. നായികയെ ഇട്ടൊന്നു വട്ടം കറക്കി ഒക്കെ കൊല്ലാമെന്ന് അവൻ ചിന്തിച്ചു കാണും, ബൈ ദി ബൈ കഥയിൽ ചോദ്യം ഇല്ല.
ഒന്നേകാൽ മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള സീറ്റ് എഡ്ജ് ത്രില്ലർ. ചിത്രത്തിൽ ആകെ നാല് കഥാപാത്രങ്ങൾ മാത്രമേ ഉള്ളു. അധികം സംഭാഷണങ്ങളും ഇല്ല.