ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Pete Travis |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | Action, Sci-fi |
ഭാവിയിൽ അമേരിക്ക ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ച് കുറ്റകൃത്യങ്ങൾ പരിധിവിട്ട മെഗാ സിറ്റി ഒൺ എന്ന പ്രദേശമായി മാറുന്നു. അവിടത്തെ നിയമപരിപാലനവും ശിക്ഷയും എല്ലാം നടപ്പാക്കുന്നത് ജഡ്ജസ് എന്നറിയപ്പെടുന്ന പട്ടാളവിഭാഗമാണ്. ആയോധനകലകളിൽ അസാമാന്യനൈപുണ്യവും ധൈര്യവും ഒത്തിണങ്ങിയവരെയാണ് ജഡ്ജ് ആയി സെലക്ട് ചെയ്യുന്നത്. അവരിൽ ഒരാളായ ജഡ്ജ് ഡ്രെഡ് അപ്രന്റിസ് ആയ ആൻഡേഴ്സണുമായി 200 നിലകളുള്ള ഒരു ഹൈറൈസ് ബിൽഡിംഗിൽ നടന്ന കുറ്റകൃത്യം അന്വേഷിക്കാൻ നിയോഗിതനാവുന്നു. പക്ഷേ ആ ബിൽഡിംഗിന്റെ മൊത്തം കൺട്രോൾ മമാ എന്നറിയപ്പെടുന്ന ഡ്രഗ് ലോർഡിന്റെ കൈവശമായിരുന്നു. മമായുടെ ഗ്യാങ്ങുമായി ഏറ്റുമുട്ടി കുറ്റവാളികളെ പിടികൂടാനുള്ള ഡ്രഡിന്റെയും ആൻഡേഴ്സന്റെയും ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
ജഡ്ജ് ഡ്രഡ് എന്ന പേരിൽ സിൽവസ്റ്റർ സ്റ്റാലോൺ അഭിനയിച്ച ഒരു ചിത്രം 1995 ൽ ഇറങ്ങിയിട്ടുണ്ട്. കഥാപാത്രം ഒന്നാണെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ കഥയാണ് ഈ ചിതത്തിന്. കാൾ അർബൻ ഡ്രഡ് ആയി എത്തുമ്പോൾ മമാ എന്ന ഞെട്ടിക്കുന്ന വില്ലൻ കഥാപാത്രമായി ഗെയിം ഓഫ് ത്രോൺസ് താരം ലെന ഹെയ്ഡേ എത്തുന്നു. ഡ്രഡുമായി കട്ടയ്ക്ക് നില്ക്കുന്ന വില്ലൻ വേഷം ലെന ഭംഗിയായി ചെയ്തിട്ടുണ്ട്. ചിത്രത്തിൽ സ്ലോ മോ എന്ന മയക്ക് മരുന്ന് ഉപയോഗിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സ്ലോമോഷൻ വിഷ്വൽ ഇഫ്ക്ട്സ് രംഗങ്ങൾ വളരെ മികച്ചതാണ്. 3D ചിത്രമായിരുന്നതിനാൽ തിയേറ്ററിൽ നല്ല ഇഫക്ട്സ് ഉണ്ടായിരുന്നിരിക്കുമെന്ന് ഉറപ്പാണ്. കൂടുതലും കെട്ടിടത്തിനുള്ളിൽ നടക്കുന്ന ചിത്രം ധാരാളം വയലന്റ് ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ്.
റിലീസ് സമയത്ത് വലിയ തരംഗമൊന്നും സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് കൾട്ട് സ്റ്റാറ്റസ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ഡ്രഡ് . എക്സ് മെഷീനയും അനിഹിലേഷനുമൊക്കെ സംവിധാനം ചെയ്ത അലക്സ് ഗാർലൻഡ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ എന്റർടെയിനറാണ് ഡ്രഡ്.